ആരോപണവുമായി മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്
കോട്ടയം: കന്നുകാലി വ്യാപാരവും ഗതാഗതവും മാഫിയസംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതരസംസ്ഥാനങ്ങളില്‍നിന്നു സംസ്ഥാനത്തേക്ക് കന്നുകാലികളെ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. കാലികളെ കൊണ്ടുവരുമ്പോള്‍ ജപ്തികളും വൈകാരിക വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി സംഘടിത ശക്തികള്‍ തടസങ്ങളും സൃഷ്ടിക്കുന്നത് കന്നുകാലി വ്യാപാരത്തെയും കര്‍ഷകരുടെയും ഉപജീവനത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും അസോസിയേഷന് കുറ്റപ്പെടുത്തി.
അനധികൃത ജപ്തികള്‍ ഒഴിവാക്കാമെന്ന പേരില്‍ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും വിവിധ സംഘടനകൾ ആയിരം മുതല്‍ 50,000 രൂപവരെ പിരിവ് നടത്തുന്നുണ്ട്. 15 വര്‍ഷത്തിലധികമായി തുടരുന്ന അനധികൃത പിരിവും ജപ്തികളും മേഖലയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയും വ്യാപാരനിയന്ത്രണം ഗുണ്ടാമാഫിയകള്ക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കുന്ന കന്നുകാലികള്‍ക്കുള്ള പ്രവേശന ഫീസ് 10ല്‍നിന്ന് 80 ആയി വര്‍ധിപ്പിച്ചശേഷം ആര്‍പി ചെക്ക്പോസ്റ്റിലെ പരിശോധനകള്‍ കാര്യക്ഷമമല്ല. ഔദ്യോഗിക രസീത് നല്‍കാതെ കന്നുകാലികളെ കടത്തിവിടുന്നതിനാല്‍ കൃത്യമായ കണക്ക് ലഭിക്കുന്നില്ല. ഇതുമൂലം പ്രതിമാസം ഏകദേശം 40 മുതല്‍ 50 ലക്ഷം വരെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുന്നു.
അറവ് നിരോധിച്ച സംസ്ഥാനങ്ങളില്‍നിന്നു കുറഞ്ഞ വിലയ്ക്ക് എത്തുന്ന സുനാമി ഇറച്ചി സംസ്ഥാനത്തെ വിപണിയെ സാരമായി ബാധിച്ചു. പ്രതിദിനം ഏകദേശം രണ്ടു ലക്ഷം കിലോഗ്രാം ഇറച്ചി കേരളത്തിലെത്തുന്നതായാണു വ്യാപാരികള്‍ പറയുന്നത്. മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ ഇത് സംഭരിക്കുന്നതിന് അനുമതി നല്‍കിയതായും ആരോപണമുണ്ട്.
ഇടുക്കി, കോട്ടയം ജില്ലകളിലായി 700-ലധികം ഇറച്ചിക്കടകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കോള്‍ഡ് സ്റ്റോറുകള്‍ എന്നിവ വഴി എത്തുന്ന മാംസത്തിന്റെ വലിയൊരുപങ്കും സുനാമി ഇറച്ചിയാണെന്നാണ് വ്യാപാരികളുടെ ആരോപണം.
സംസ്ഥാനത്തേക്ക് കന്നുകാലികളെ കൂടുതല്‍ എത്തിക്കുന്നത് ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങളിയ സംസ്ഥാനങ്ങളില്‍നിന്നാണ്. ആന്ധ്രാപ്രദേശ് മൃഗസംരക്ഷണ വകുപ്പ് യാത്രയ്ക്കാവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നു കഴിഞ്ഞ ജനുവരി 21നു തീരുമാനം സ്വീകരിച്ചതോടെ കന്നുകാലി ഗതാഗതത്തിനു കൂടുതല്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ മാഫിയകള്‍ക്ക് അവസരമൊരുങ്ങി.
കന്നുകാലി ഗതാഗതത്തിന് യാത്രാമധ്യേ തടസം നേരിട്ടാല്‍ യാത്ര തുടരാന്‍ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന സംഭവങ്ങളെ ഏകോപിപ്പിച്ച് ഒരു കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ 2019ല്‍ ഉചിത നടപടി സ്വീകരിക്കാന്‍ കേരള ചീഫ് സെക്രട്ടറിയെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ഇത്തരമൊരു പ്രശ്നമില്ലാത്തതിനാല്‍ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി അറിയിക്കുകയായിരുന്നു. പാല്, കാലിത്തീറ്റ, മാംസം, തുകല്‍, എല്ല്, കൊഴുപ്പ് തുടങ്ങി അനുബന്ധ മേഖലകളിലായി കേരളത്തില്‍ ഏകദേശം 15 ലക്ഷം പേരുടെ സ്വയംതൊഴില്‍ ഈ മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പുവരെ പ്രതിമാസം ഏകദേശം ഒന്നര ലക്ഷം കന്നുകാലികള്‍ കേരളത്തിലെത്തിയിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി അവസാനം മുതല്‍ എണ്ണം അമ്പതിനായിരത്തില്‍ താഴെയായി. നിലവില്‍ അത് വീണ്ടും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.